കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. കിറ്റെക്സ് എം ഡി സാബു എം ജേക്കബ് ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
തലക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതേസമയം ദീപുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. സംസ്കാര ചടങ്ങിൽ തിരുവാതിര കളി സംഘടിപ്പിച്ചിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നുവെന്ന് ഒരു വിഭാഗം പരിഹസിച്ചു. കൊവിഡ് വ്യാപനത്തിനിടയിൽ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്ക് എതിരെയായിരുന്നു വിമർശനം. പാർട്ടി സമ്മേളനങ്ങളിൽ അസംഖ്യം ആളുകളെ പങ്കെടുപ്പിച്ചതിനെയും സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ രൂക്ഷമായി വിമർശിച്ചു.
Discussion about this post