കൊല്ലം: ആനയുടെ ആക്രമണത്തിൽ പാപ്പാന്മാർക്ക് പരിക്കേറ്റു. കൊല്ലം കേരളപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാന്‍ സച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാപ്പാന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആന പാപ്പാനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ആനയുടെ മുന്‍കാലില്‍ പാപ്പാന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
ഉത്സവത്തിന് കൊണ്ടു വന്ന ആനയാണ് പാപ്പാന്മാരെ റോഡിലിട്ട് ചവിട്ടിയത്. ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു. അത് എടുക്കാനായി പാപ്പാന്‍ താഴേക്ക് ഇറങ്ങി. ഈ സമയം ആനയുടെ മുന്‍കാലില്‍ രണ്ടാം പാപ്പാന്‍ വടി കൊണ്ട് മര്‍ദ്ദിച്ചു. ഇതില്‍ പ്രകോപിതനായ ആന ഇരു പാപ്പാന്‍മാരെയും തൊഴിച്ച് തെറിപ്പിക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ ആന അബദ്ധത്തില്‍ ചവിട്ടി എന്നായിരുന്നു പാപ്പാന്മാർ പറഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രകോപനം ഉണ്ടായതിനെത്തുടര്‍ന്നാണ് ആന ആക്രമിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ഒന്നാം പാപ്പാന്‍ സച്ചുവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
Discussion about this post