ഡൽഹി: സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയ വൺ മാനേജ്‌മെന്റ് നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്. ചാനൽ എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹർജിയും ബെഞ്ച് നാളെ പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച എങ്കിലും കേള്‍ക്കണമെന്നും ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’ന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
മുന്‍ അറ്റോര്‍ണി ജനറലുമായ മുകുല്‍ രോഹത്ഗിയും സുപ്രീംകോടതി ബാര്‍ അസോസസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദവെയുമായിരിക്കും സുപ്രീംകോടതിയില്‍ മീഡിയാവണിന് വേണ്ടി ഹാജരാകുക.
രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വൺ നൽകിയ ഹർഹി ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹർജി തളളിയത്.
കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഇതിനെതിരെയാണ് ചാനൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post