തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ സ്വീകരണം നൽകും. ഇവിടെ മൻസിയക്ക് നൃത്തം അവതരിപ്പിക്കാനും അവസരം നൽകും.
ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനും പ്രസ്താവനയിൽ വ്യക്തമാക്കി. വേണ്ടി വന്നാൽ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമാണെന്നും വി എച്ച് പി പ്രസ്താവനയിൽ വിമർശിച്ചു.
നൃത്തം ചെയ്തതിന് മലപ്പുറത്ത് മഹല്ല് കമ്മിറ്റി ഊരുവിലക്കിയ കലാകാരിയാണ് മൻസിയ. മൻസിയയുടെ ആഗ്രഹ പ്രകാരം നൃത്തം അഭ്യസിപ്പിക്കാൻ വിട്ടതിനാണ് പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും മഹല്ല് കമ്മിറ്റി ഊരുവിലക്കിയത്. ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്നായിരുന്നു മതമൗലികവാദികളുടെ നിലപാട്. തുടർന്ന് അതിക്രൂരമായി മൻസിയയോട് ഇവർ പെരുമാറി. ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും ഇവർ അനുവദിച്ചില്ല.
എന്നാൽ പിന്നീട് കലയെ ഉപാസിച്ച് തന്നെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനായിരുന്നു മൻസിയയുടെ തീരുമാനം. കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി ചേർന്ന മൻസിയ ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയവും തുടങ്ങി.
ഇപ്പോഴും മൻസിയക്ക് ഇസ്ലാമിക മൗലികവാദികളുടെ ഭീഷണിയുണ്ട്. സംഗീതജ്ഞനായ ശ്യാം കല്യാൺ ആണ് മൻസിയയുടെ ഭർത്താവ്.
അഹിന്ദു ആയതിനാലാണ് കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം മൻസിയക്ക് അവസരം നിഷേധിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു.
Discussion about this post