തിരുവനന്തപുരം: ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നു പോയ പണിമുടക്കിനെ പതിവു പോലെ ആഘോഷമാക്കി കേരളത്തിലെ വരേണ്യ വർഗവും സർക്കാർ ഉദ്യോഗസ്ഥരും. അന്നന്നത്തെ ആഹാരത്തിനായി ജോലിക്ക് പോകുന്ന ദിവസ വേതനക്കാരന്റെ കടുത്ത അമർഷം അവഗണിച്ചാണ് സർക്കാർ ഉദ്യോഗസ്ഥർ ശമ്പളത്തോടെ പണിമുടക്ക് ഉത്സവം കൊണ്ടാടിയത്.
കേരളത്തില്‍ പൊതുഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാണ്. ഒരിടത്തും കടകൾ തുറന്നില്ല. തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.
സംസ്ഥാനത്ത് ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. കേരളത്തിന്‍റെ വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കേരളത്തില്‍ സമരാനുകൂലികള്‍ വഴികള്‍ തടഞ്ഞും തുറന്ന കടകള്‍ അടപ്പിച്ചും സമരം ശക്തമാക്കുമ്പോള്‍ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തൊഴിലാളികൾ പണിമുടക്കിനെ കുറിച്ച് അറിഞ്ഞത് പോലുമില്ല.
ദേശീയ പണിമുടക്ക് അക്ഷരാർത്ഥത്തിൽ കേരളത്തെ മാത്രമാണ് പ്രതികൂലമായി ബാധിച്ചത്. രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിന് നഷ്ടം 4380 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ദേശീയ പണിമുടക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരത്തെയും ബാധിച്ചില്ല.
സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. ഇതുവഴി രണ്ട് ദിവസത്തെ പണിമുടക്ക് മൂലം കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടൽ.
ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗവും ഗോവയിലേക്കും കർണാടകയിലേക്കും പോയി.
സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദേശം പാലിക്കപ്പെട്ടില്ല. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവായിരുന്നു. സെക്രട്ടറിയേറ്റിൽ ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ജോലിക്കെത്തിയത്.
പണിമുടക്കാണെങ്കിലും കടകൾ തുറക്കേണ്ടവർക്ക് തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകൾ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ഒരു കടകൾക്കും പൊലീസ് സംരക്ഷണം നൽകിയില്ല.
എറണാകുളത്ത് കടകൾ തുറക്കുമെന്ന പ്രഖ്യാപനം വ്യാപാരികൾ നടപ്പാക്കി. അതേ സമയം പാലാരിവട്ടത്ത് തുറന്ന ഹോട്ടൽ സമരക്കാർ അടപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ പാസ്പോർട്ട് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു.
കൊല്ലം ചിതറ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ജോലിക്ക് ഹാജരായ അധ്യാപകരെ സമരാനുകൂലികൾ ആക്രമിക്കാൻ ശ്രമിച്ചു. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സമരക്കാർ യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം സമരാനുകൂലികളായ എൻജിഒ യൂണിയൻ പ്രവർത്തകർ യാത്ര ചെയ്ത ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു.
തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റു.
Discussion about this post