തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്‍റെയും വോട്ടുവിഹിതത്തിന്‍റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.
എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്സഭയിൽ സിപിഎം ഇപ്പോൾ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10ൽ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക്സഭയിൽ മൂന്ന് സീറ്റും വിവിധ നിയമസഭകളിൽ 88 സീറ്റും മാത്രമാണ് സിപിഎമ്മിന് ഇപ്പോഴുള്ളതെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
കോൺഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് ആകെയുള്ള തുച്ഛമായ സീറ്റുകൾ സിപിഎം നേടിയത്. കോൺഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായി. ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന സിപിഎമ്മിന്‍റെ ദില്ലിവാസികളായ അഖിലേന്ത്യാ നേതാക്കൾ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും ജീവിതത്തിൽ ഒരിക്കലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ വോട്ട് ചെയ്യാനായിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു.
ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും സിപിഎം ഒലിച്ചു പോയി. സിപിഎം ശക്തി കേന്ദ്രങ്ങളായിരുന്ന തെലങ്കാന ഉൾപ്പെടെയുള്ള കാർഷിക വിപ്ലവ മേഖലകളിലും മുംബൈ, കൽക്കട്ട തുടങ്ങിയ വ്യവസായ നഗരങ്ങളിലും ചെങ്കൊടി കാണ്മാനില്ല. ചുവപ്പു ബംഗാൾ ആവർത്തിക്കുമെന്ന് ആരും മുദ്രാവാക്യം മുഴക്കുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
നിലവിൽ കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടറാണ് ചെറിയാൻ ഫിലിപ്പ്.
Discussion about this post