കൊച്ചി: കടവന്ത്രയിലെ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്. ടിബിന് പുറമെ കൂട്ടാളികളായ കാസര്‍കോട് സ്വദേശി ഷിയാസ്, കാക്കനാട് സ്വദേശി ഷമീര്‍ എന്നീ പ്രതികളും അറസ്റ്റിലായി.
തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശിയായ വസ്ത്ര വ്യാപരിയില്‍ നിന്ന് പ്രതികള്‍ പണം കവര്‍ന്നത്.
ഷിയാസും കേസിലെ പരാതിക്കാരനും തമ്മില്‍ നേരത്തെ ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പരാതിക്കാരനെ തട്ടിക്കൊണ്ടുപോവുകയും ബന്ദിയാക്കി വച്ചശേഷം നിര്‍ബന്ധിച്ച് രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയപ്പിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
Discussion about this post