പാലക്കാട്: കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ നഗരം വിട്ട് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ബിജെപി രംഗത്തെത്തി.
ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ശ്രീനിവാസൻ വധക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെക്കും. ശ്രീനിവാസനെ കൊലപെടുത്തിയ സംഘത്തിലെ ഒരാളെ പേലും ഇതുവരെ പിടികൂടാനാവാത്ത പൊലീസിനെതിരെ വരും ദിവസങ്ങളിൽ ബിജെപി വിമർശനം ശക്തമാക്കും.
പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ മേലാ റിയിലെ കടയിലെത്തി ആറംഗ സംഘം ക്രൂരമായി കൊലപെടുത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാനാവാത്തതിൽ ആർഎസ്എസ്- ബിജെപി നേതൃത്വം കടുത്ത അമർഷത്തിലാണ്. ഇതുൾപ്പടെയുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി സർവകക്ഷി സമാധാന യോഗം ബഹിഷ്കരിച്ചത്.
പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് സുരേഷ് ഗോപി എം പി ആവശ്യപ്പെട്ടു. പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമാണെന്ന് ബിജെപി ആരോപിക്കുന്നു.
Discussion about this post