ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മാനിച്ച് കാൾ റെക്കോർഡിംഗ് സംവിധാനമുള്ള ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനുറച്ച് ഗൂഗിൾ. ഇത് നടപ്പിൽ വരുന്നതോടെ ആൻഡ്രോയ്ഡ് ഫോണുകളിൽ തത്സമയ കാൾ റെക്കോർഡിംഗ് സംവിധാനം ഇനി ലഭ്യമാകില്ല. ആൻഡ്രോയ്ഡ് 6 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ ഇതിനോടകം തന്നെ കാൾ റെക്കോർഡിംഗ് സംവിധാനം ലഭ്യമല്ലാതായിട്ടുണ്ട്.
ആൻഡ്രോയ്ഡ് 10 ൽ മൈക്രോഫോൺ വഴിയുള്ള കോൾ റെക്കോർഡിംഗ് ഗൂഗിൾ നീക്കം ചെയ്തിരുന്നു. എന്നാൽ ആക്സസിബിലിറ്റി സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ പറ്റുന്ന സംവിധാനം ചിലർ പ്രയോജനപ്പെടുത്തുന്നുണ്ട്. വൈകാതെ ഇതും അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം.
മെയ് 11 മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും കാൾ റെക്കോർഡിംഗ് സംവിധാനം പൂർണ്ണമായും അപ്രത്യക്ഷമാകും എന്നാണ് ലഭ്യമാകുന്ന വിവരം. സ്വകാര്യതാ നയത്തിൽ വന്ന മാറ്റത്തിന് പുറമെ ചില രാജ്യങ്ങളിലെ നിയമങ്ങളും കാൾ റെക്കോർഡിംഗ് വിലക്കുന്നുണ്ട്. ഐ ഫോണിൽ പോലും ലഭ്യമല്ലാത്ത ഈ സംവിധാനം പിൻവലിക്കാൻ ഇതും ഗൂഗിളിനെ പ്രേരിപ്പിക്കുന്നുണ്ടാവും എന്ന് ടെക്ക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post