മലപ്പുറം: പാലാക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞത് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തുവെന്നും സതീശൻ പറഞ്ഞു.
എകെജി സെന്ററില്‍ പടക്കം എറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. പാലക്കാട് കൊലപാതകത്തിലും സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും സതീശൻ പറഞ്ഞു.
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയിൽ വെക്കാൻ കഴിയുമോ എന്ന് സുധാകരൻ ചോദിച്ചിരുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഎം ആണ് എന്ന കാര്യത്തിൽ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സിപിഎമ്മിന്റെ സ്ട്രോംഗ് പ്രവർത്തകരാണ്. പാർട്ടിയുമായി ബന്ധമില്ല, അവർ നേരത്തെ പാർട്ടി വിട്ടവരാണ് എന്ന് സിപിഎം പറയുമ്പോൾ അത് തിരുത്തുന്നത് സിപിഎമ്മുകാർ തന്നെയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Discussion about this post