ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ കക്കൂസ് തേടിയെത്തിയ കരിമ്പൂച്ചകളും പിന്നാലെ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. ആലപ്പുഴയിൽ നടന്ന പാദയാത്രയ്ക്കിടെയാണ് സംഭവം. ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെ കരിമ്പൂച്ചകൾ എത്തുന്നു. വീട്ടിൽ കക്കൂസ് ഉണ്ടോ എന്ന് സുരക്ഷ ഉദ്യോഗസ്ഥർ ചോദിച്ചതിന് പിന്നാലെ ഒന്നും പറയാതെ രാഹുൽ ഗാന്ധി വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഇരച്ചെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ വീടുടമ അനിലിനെയും ഇളയ മകളെയും വീടിന് പുറത്താക്കുകയും ചെയ്തു.
ശൗചാലയം ഉപയോഗിച്ച ശേഷം ഇറങ്ങി വന്ന രാഹുൽ വീട്ടുകാർക്കൊപ്പം സെൽഫി എടുത്ത ശേഷമാണ് മടങ്ങിയത്. പിന്നാലെ കക്കൂസ് തേടിയുള്ള നേതാവിന്റെ യാത്ര സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളായി. ആദ്യമായാണ് കരിമ്പൂച്ചകൾ കക്കൂസ് തേടി എത്തുന്നത് കാണുന്നതെന്ന് ചിലർ പരിഹസിക്കുന്നു. അതെങ്ങനെയാ, വഴിനീളെ ഉണ്ടംപൊരിയും കായ വറത്തതും ബജിയുമൊക്കെ തിന്നു നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നാണ് പരിഹാസം. കണ്ടയ്നർ ഉണ്ടായിട്ടും ആരാന്റെ വീട്ടിലെന്തിനാ കക്കൂസ് തേടിയെത്തിയത് എന്നും ട്രോളുകൾ നിറയുകയാണ്.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് രണ്ട് ദിവസത്തെ പര്യടനമാണ് നടക്കുക. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളെ ഏറെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്. എറണാകുളം പോലെ തിരക്കുള്ള ഒരു നഗരത്തിൽ റോഡ് തടഞ്ഞുകൊണ്ടുള്ള യാത്ര നടത്തുന്നതിൽ ജനങ്ങൾക്കിടെയിൽ നിന്നും വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.
Discussion about this post