കാബൂൾ: അഫ്ഗാനിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ പളളിയിൽ ചാവേർ ആക്രമണം. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയോടെ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയതിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. സന്ദർശകർക്കും മന്ത്രാലയ ജീവനക്കാർക്കും വേണ്ടിയുളള പളളിയാണിത്.
നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കാബൂൾ വിമാനത്താവളത്തിന് സമീപം പ്രധാന പാതയിലാണ് ആഭ്യന്തരമന്ത്രാലയം സ്ഥിതി ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം വക്താവ് അബ്ദുൾ നാഫി തകോർ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ ഭരണം പിടിച്ചതിന് ശേഷം അഫ്ഗാനിൽ ഐഎസ്‌ഐഎൽ നടത്തുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയാണ് ഇതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരെ കാബൂളിൽ ഇറ്റാലിയൻ സന്നദ്ധ സംഘം നടത്തുന്ന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരമന്ത്രാലയത്തിന് ഉളളിൽ തന്നെ സ്‌ഫോടനം നടന്നത് താലിബാൻ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post