കൊച്ചി: 2022 ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞക്കുപ്പായക്കാരുടെ വിജയത്തിനായി ദാഹിച്ച് ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം എടികെ മോഹൻ ബഗാൻ തട്ടിയെടുത്തത്.
ദിമിത്രി പെട്രാറ്റോസിന്റെ ഹാട്രിക് മികവിലായിരുന്നു എടികെ മോഹൻ ബഗാന്റെ ആധികാരിക ജയം. ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പ്രതിരോധത്തിൽ വന്ന വിളളലാണ് ബ്ലാസ്‌റ്റേഴ്‌സിനെ വൻ പരാജയത്തിലേക്ക് തള്ളിയിട്ടത്.
ഇവാൻ കലിയുഷ്‌നിയിലൂടെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. എന്നാൽ മുൻതൂക്കം നേടിയിട്ടും ആക്രമണത്തിന്റെ മൂർച്ച കുറച്ച് പ്രതിരോധത്തിന്റെ കോട്ട കെട്ടുകയെന്ന തന്ത്രത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് നീങ്ങിയില്ല.
26 ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിലൂടെ എടികെ മോഹൻബഗാൻ സമനില പിടിച്ചു. 38 ാം മിനിറ്റിൽ ജോണി കൗക്കോയും 62 ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ രണ്ടാം ഗോളും പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇടനെഞ്ച് തകർന്നു. 81 ാം മിനിറ്റിൽ കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ മടക്കി.
പക്ഷെ 88 ാം മിനിറ്റിൽ ലെന്നി റോഡ്രിഗസ് ബഗാന് വേണ്ടി വീണ്ടും വല കുലുക്കി. അവസാന നിമിഷത്തിലായിരുന്നു ദിമിത്രി പെട്രാറ്റോസിന്റെ മൂന്നാമത്തെ ഗോൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്ന എടികെ മോഹൻ ബഗാൻ ഈ വിജയത്തോടെ മൂന്ന് പോയിന്റുകളുമായി പട്ടികയിൽ അഞ്ചാമത് എത്തി. ബ്ലാസ്റ്റേഴ്‌സിനും രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുകളാണ് ഉളളത്.
Discussion about this post