തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രജേഷുമാണ് ഒരേ വേദിയില്‍ എത്തിയത്. മുല്ലൂരില്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിലാണ് ബി.ജെ.പി- സി.പി.എം. നേതാക്കള്‍ ഒരുമിച്ചെത്തിയത്.
വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നാണ് സിപിഎം ആഹ്വാനം. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സി.പി.എം. പിന്തുണ നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണെന്ന് വി.വി. രാജേഷും പ്രതികരിച്ചു.
തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി ആന്റണി രാജുവിനും ഇതിൽ പങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻറെ ആരോപണം. ‘‘ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികൾ തന്നെയാണ് വിഴിഞ്ഞം തുറമുഖ സമരത്തിനും നേതൃത്വം നൽകുന്നത്”. ഇതിനായി വിദേശ ഫണ്ട് എത്തിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ചില ആളുകൾക്ക് മാത്രമാണ് അക്കൌണ്ടിൽ പണമെത്തിയത്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് സമരത്തിന് പിന്നിൽ. അവരുമായി ബന്ധപ്പെട്ടവർക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയത് എന്നാണ് സുരേന്ദ്രൻറെ ആരോപണം.
Discussion about this post