തിരുവനന്തപുരം: കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലക്ഷ്യമിട്ടുളള മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് എവിടെ നിന്നാണ് വന്നതെന്ന് സൈബർ സെല്ലിൽ പരാതി നൽകി മേയർ അന്വേഷിപ്പിക്കട്ടെയെന്ന് ബിജെപി. കോർപ്പറേഷനിൽ പതിറ്റാണ്ടുകളായി തുടരുന്ന നീതികേടിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷനും കോർപ്പറേഷൻ കൗൺസിലറുമായ വിവി രാജേഷ് പറഞ്ഞു.
കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടുകയാണ് വേണ്ടതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും വിവി രാജേഷ് പറഞ്ഞു. 295 തസ്തികകളിലേക്ക് നിയമിക്കാനായി പാർട്ടിക്കാരുടെ മുൻഗണനാ പട്ടികയാണ് മേയർ സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. കത്ത് തന്റേതല്ലെന്നും കത്ത് അയച്ച ദിവസം താൻ ഓഫീസിൽ ഇല്ലായിരുന്നുവെന്നും മേയർ വൈകിട്ട് വിശദീകരണം ഇറക്കിയിരുന്നു.
എന്നാൽ കത്ത് പുറത്തുവന്നതോടെ ബിജെപി ശക്തമായ പ്രതിഷേധമാണ് നഗരസഭയിൽ നടത്തുന്നത്. ജോലിയുണ്ട് സഖാവേ ലിസ്റ്റ് തരാമോ എന്ന ബാനറുമായി ബിജെപി കൗൺസിലർമാർ നഗരസഭയിൽ പ്രതിഷേധം നടത്തി. ഭരണസമിതിയെ പിരിച്ചുവിടണമെന്നും മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബിജെപി ആവശ്യപ്പെട്ടു. യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ നിന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നവംബർ ഒന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. ആരെയെങ്കിലും ശുപാർശ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തോടെ സ്വന്തം വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു നേതാവ് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്. കോർപ്പറേഷന് കീഴിലുളള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് ദിവസവേതനത്തിന് ആളുകളെ നിയമിക്കുന്നത്.
Discussion about this post