തിരുവനന്തപുരം: എൽഡിഎഫ് ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ മാർച്ചിനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു പ്രതിഷേധത്തെ ട്രോളിയത്.
കുഞ്ചൻ നമ്പ്യാരുടെ തുളളൽപാട്ടിലെ വരികൾ കടമെടുത്തായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. ‘അതുകൊണ്ടരിശം തീരാഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന വരികളാണ് ജോയ് മാത്യു കുറിച്ചത്. പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്.
രാജ്ഭവന് ചുറ്റുമാണോ മണ്ടി നടന്നതെന്ന് പലരും കമന്റുകളിൽ ചോദിക്കുന്നുണ്ട്. നാളെ ഞങ്ങൾ കോടതി വളയുന്നുണ്ടെന്ന പ്രഖ്യാപനവും ചിലർ കുറിച്ചു. ചിരിക്കണം എന്നുണ്ട് ചിരിച്ചാൽ ഇന്നോവ വിടുമോ എന്ന പേടി കൊണ്ട് മിണ്ടാതിരിക്കുന്നുവെന്നും ഒരാൾ കുറിക്കുന്നു.
ഇങ്ങനെ കൊല്ലരുത് പ്ലീസ് എന്നാണ് ചിലരുടെ വാക്കുകൾ. പുരയുടെ ചുറ്റും നടക്കാൻ കഴിഞ്ഞില്ല പകരം റോഡിൽ ഇരുന്ന് സായൂജ്യമടഞ്ഞുവെന്നാണ് ഒരാളുടെ കമന്റ്. പിൻവാതിൽ സംരക്ഷണ സമരം സിന്ദാബാദ് എന്ന് കുറിച്ചവരും ഉണ്ട്. ഗവർണർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രായാവും മന്ത്രിമാരും വളയൽ സമരം ബഹിഷ്‌കരിച്ചുവെന്നും കമന്റുണ്ട്.
സർവ്വകലാശാലകളിലെ വിസിമാർക്കെതിരെ ഗവർണർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജ്ഭവനിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിൽ പ്രതീക്ഷിച്ചപോലെ ആളുകളെ എത്തിക്കാനായില്ലെന്ന നാണക്കേട് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാകുന്നതിനിടയ്ക്കാണ് സമരത്തെ ട്രോളി ജോയ് മാത്യുവിനെപ്പോലുളളവരും രംഗത്ത് വന്നത്.
Discussion about this post