മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി- ഏകനാഥ് ഷിൻഡെ സഖ്യത്തിന് തകർപ്പൻ മുന്നേറ്റം. സംസ്ഥാനത്തെ 1013 പഞ്ചായത്തുകളിൽ ബിജെപി മുന്നേറുമ്പോൾ, 540 പഞ്ചായത്തുകളിൽ ശിവസേന ഷിൻഡെ വിഭാഗം വിജയക്കൊടി പാറിച്ചു. അതേസമയം ഉദ്ധവ് താക്കറെ പക്ഷത്തിന് ആകെ ലഭിച്ചത് 430 പഞ്ചായത്തുകൾ മാത്രമാണ്.
മഹാസഖ്യത്തിൽ എൻസിപിക്ക് 667 പഞ്ചായത്തുകൾ ലഭിച്ചു. കോൺഗ്രസ് 445 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ, മറ്റുള്ളവർക്ക് 602 സീറ്റുകളും ലഭിച്ചു. മഹാസഖ്യത്തിന് ആകെ ലഭിച്ചിരിക്കുന്നത് 1542 പഞ്ചായത്തുകളാണ്. എന്നാൽ ബിജെപി- ഷിൻഡെ സഖ്യം 1553 പഞ്ചായത്തുകളിൽ മുന്നിട്ട് നിൽക്കുന്നു.
മഹാരാഷ്ട്രയിലെ 7,751 പഞ്ചായത്തുകളിലേക്ക് ഡിസംബർ 18നാണ് തിരഞ്ഞെടുപ്പ് നടന്നത്. 74 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്.
കോൺഗ്രസുമായി കൂട്ടുകൂടിയതോടെ ഉദ്ധവ് താക്കറെ ബാലാസാഹെബിന്റെ ആദർശങ്ങൾ ബലികഴിച്ചു എന്ന് ആരോപിച്ചാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു വിഭാഗം ബിജെപിയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചത്. ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി ബലികഴിച്ച ഉദ്ധവ് താക്കറെക്കെതിരായ ജനരോഷമാണ് താൻ പ്രകടമാക്കിയതെന്ന്, ബിജെപി സഖ്യരൂപീകരണ സമയത്ത് ഏകനാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.
Discussion about this post