ആഗോള വാഹന വിൽപ്പനയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയെന്ന് നികെയ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം വിൽപ്പന നടന്ന വാഹനങ്ങളുടെ എണ്ണം 4.25 ദശലക്ഷമാണെന്നാണ് പറയുന്നത്. ജപ്പാനിൽ കഴിഞ്ഞ വർഷം വിറ്റ വാഹനങ്ങളുടെ എണ്ണം 4.2 ലക്ഷമാണ്. ചൈനയും അമേരിക്കയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കനുസരിച്ച് 2022 ജനുവരി മുതൽ നവംബർ വരെ ഇന്ത്യയിൽ വിൽപ്പന നടത്തിയ പുതിയ വാഹനങ്ങളുടെ എണ്ണം 4.13 ദശലക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഡിസംബറിലെ വിൽപ്പന കൂടി ചേർത്താൽ ഇത് 4.25 ദശലക്ഷം യൂണിറ്റാണ്. ടാറ്റ മോട്ടേഴ്‌സ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കൾ ഡിസംബറിൽ വിറ്റ വാഹനങ്ങളുടെ കണക്ക് പുറത്ത് വിട്ടിട്ടില്ല. ഇതു കൂടി ചേർത്താൻ ഇന്ത്യയിൽ കഴിഞ്ഞ വർഷം വിറ്റ വാഹനങ്ങളുടെ കണക്കിൽ ഇനിയും വർദ്ധന ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇലക്ട്രോണിക് വാഹനങ്ങളെക്കാൾ പെട്രോൾ-ഡീസൽ വാഹനങ്ങളാണ് ഇന്ത്യയിൽ കൂടുതലും വിറ്റഴിക്കപ്പെട്ടത്. മാരുതി സുസുക്കിക്ക് പുറമെ ടാറ്റ മോട്ടേഴ്‌സ് ഉൾപ്പെടെയുള്ള ഇന്ത്യൻ വാഹന നിർമ്മാതാക്കളും മികച്ച വളർച്ചയാണ് നേടിയത്.
ആഗോള വാഹന വിപണിയിൽ 26.27 ദശലക്ഷം വാഹനങ്ങളാണ് 2021ൽ ചൈന വിറ്റഴിച്ചത്. 15.4 ദശലക്ഷം വാഹനങ്ങളുമായി അമേരിക്ക രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം വാഹനങ്ങളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് ഉണ്ടായിരുന്നത്.
Discussion about this post