കാസർകോട്: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പെൺകുട്ടി ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് തവണയാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ജനുവരി 1നും ജനുവരി 5നും. എന്നാൽ ഇക്കാര്യം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ജനുവരി 1ന് ആശുപത്രിയിൽ എത്തിയ അഞ്ജുശ്രീയെ അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാൽ മരുന്നു കഴിച്ചും കുട്ടിയുടെ അസുഖം മാറ്റമില്ലാതെ തുടരുകയായിരുന്നു. 5ാം തിയതിയോടെ അസുഖം മൂർച്ഛിച്ചു. ഇതോടെ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില മോശമായതോടെ ആറിന് രാവിലെ പെൺകുട്ടി മരിച്ചു. അഞ്ജുവിന്റെ ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ മംഗളൂരുവിലെ ആശുപത്രിയിൽ നിന്നും ശേഖരിച്ചുവരികയാണ്.
ആന്തരാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധയാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കാസർകോട് ഡിഎംഒ അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അട്കത്ത്ബയലിലെ അൽ-റൊമാൻസിയ എന്ന ഹോട്ടലിൽ നിന്നായിരുന്നു അജ്ഞുശ്രീ ഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ച്പൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടൽ ഉടമയുൾപ്പെടെ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Discussion about this post