ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റത്തിന് ചുട്ടമറുപടി നൽകി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ചിൽ രാത്രിയോടെയായിരുന്നു സംഭവം.
പൂഞ്ചിലെ ബലാക്കോട്ട് സെക്ടർ വഴിയായിരുന്നു ഭീകരർ കശ്മീരിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയാസ്പദനീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ സേന പ്രദേശത്ത് എത്തി. എന്നാൽ സുരക്ഷാ സേനയെ കണ്ട ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തി. കൊല്ലപ്പെട്ടവർക്കൊപ്പം കൂടുതൽ ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചിരിക്കാമെന്നായിരുന്നു സുരക്ഷാ സേനയുടെ സംശയം. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാത്രികാല നിരീക്ഷണം കൂടുതൽ ശക്തമാക്കാനും സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച രജൗരിയിൽ ഭീകരർ നടത്തിയ ഇരട്ട സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അതിർത്തി വഴി ഭീകരർ കശ്മീരിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. നേരത്തെ പഞ്ചാബിൽ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബിഎസ്എഫ് വധിച്ചിരുന്നു.
Discussion about this post