ചെന്നൈ: സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ പുതിയ ചിത്രത്തിൽ താര രാജാവ് മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് സൺ പിക്‌ചേഴ്‌സ്. സെറ്റിലെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് സിനിമയിൽ മോഹൻലാലുമുണ്ടെന്ന് വ്യക്തമാക്കിയത്. സെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ രജനികാന്തിനൊപ്പം എത്തുന്നത്.
പുതിയ ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാൽ അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളും വലിയ വാർത്തയായി നൽകിയിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് വാർത്തകൾ സ്ഥിരീകരിച്ച് ഫേസ്ബുക്കിലൂടെ സൺപിക്‌ചേഴ്‌സ് രംഗത്തുവരുന്നത്. ജനലിനരികിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രം മലയാളത്തിലെ പ്രമുഖ താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അധോലോകനായകന്റെ വേഷമാണ് താരത്തിനെന്നാണ് ആദ്യ ചിത്രത്തിൽ നിന്നും ലഭിക്കുന്ന സൂചന. കഥാഗതിയെ നിർണയിക്കുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ആദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. നിരവധി പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ടെങ്കിലും അഭിനയിക്കുന്നത് ഇപ്പോഴാണ്. ദളപതി എന്ന ചിത്രത്തിൽ മമ്മൂട്ടി രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
Discussion about this post