ഇടുക്കി: അടിമാലിയിൽ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ മദ്യം കുടിച്ച് യുവാക്കൾ അവശനിലയിൽ ആയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. സംഭവത്തിൽ യുവാക്കൾക്ക് മദ്യം നൽകിയ സുധീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മദ്യത്തിൽ കീടനാശിനി കലർത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ലഭിച്ച മദ്യം കീടനാശിനി കലർന്ന പാത്രത്തിൽ ഒഴിച്ചു കുടിച്ചതും ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായി എന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ചികിത്സയിൽ കഴിയുന്നവരിൽ നിന്നും മൊഴിയെടുക്കേണ്ടതുണ്ട്. വഴിയിൽ നിന്നും ലഭിച്ച മദ്യം സുധീഷ് കഴിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് മദ്യം കഴിച്ച് അവശനിലയിലായതിനെ തുടർന്ന് അടിമാലി സ്വദേശികളായ അനിൽകുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്ത് നൽകിയ മദ്യം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥകൾ ഉണ്ടായതെന്ന് മൂന്ന് പേരും ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇക്കാര്യം ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. നിലവിൽ മൂന്ന് യുവാക്കളുടെയും ആരോഗ്യനില തൃപ്തികരമാണ്.












