കൊല്ലം: കരുനാഗപ്പള്ളിയിൽ കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറികളിൽ ഒന്നിന്റെ ഉടമ സിപിഎം നേതാവ്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസിന്റേതാണ് ഒരു ലോറിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വാഹനം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നിന്റെ ഉടമ സിപിഎം നേതാവാണെന്ന് വ്യക്തമായത്. സംഭവത്തിൽ ഷാനവാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന സ്വദേശിയായ ജയൻ എന്നയാൾക്ക് വാഹനം വാടകയ്ക്ക് നൽകിയെന്നാണ് ഷാനവാസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ ആഴ്ചയാണ് വാടക കരാറിൽ ഒപ്പുവച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സത്യമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെയാണ് കോടികളുടെ ലഹരിവസ്തുക്കളുമായി എത്തിയ ലോറികൾ പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെ കരുനപ്പള്ളി മോഡൽ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു ഇവർ പിടിയിലായത്. പോലീസിനെ ഭയന്ന് ലോറിയിലെ പുകയില ഉത്പന്നങ്ങൾ മറ്റൊരു പിക് അപ്പ് വാനിലാക്കി കടത്താനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ പിടികൂടുകയായിരുന്നു. 1,27,410 പാക്കറ്റ് ലഹരി വസ്തുക്കളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. ആലപ്പുഴ സ്വദേശിയാണ് ലഹരി വസ്തുക്കൾ കൊടുത്തുവിട്ടത് എന്നാണ് ജീവനക്കാർ പറയുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ചെറുകിട വ്യാപാരികളെയും സ്‌കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കൾ എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
Discussion about this post