തിരുവനന്തപുരം: കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഫ്രഷ് ന്യായീകരണവുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിൻ്റെ മറുപടിയായിരുന്നുവെന്നാണ് അരുൺ കുമാറിന്റെ പുതിയ ന്യായീകരണം. അശോകൻ ചരുവിലിന്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതെന്നും അരുൺ കുമാർ പറയുന്നു.
ശ്രീ ചരുവിൽ പ്രസ്തുത പോസ്റ്റ് പിൻവലിച്ചതായി കാണുന്നു. അതിനാൽ എൻ്റെ മറുപടിയും അപ്രസക്തമാണ്. എങ്കിലും ആശയം പ്രസക്തമാകയാൽ നിലനിർത്തുന്നു. ശ്രീ പഴയിടത്തിൻ്റെ ചിത്രം നീക്കുകയാണെന്ന് അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. വെജിറ്റേറിയൻ മെനു കാലോചിതമായി പരിഷ്ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശം ഉൾക്കൊള്ളുന്നുവെന്നും പുതിയ ന്യായീകരണ പോസ്റ്റിൽ പറയുന്നു.
അതേസമയം, കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുൺ കുമാർ തുറന്നുവിട്ട വിവാദഭൂതം, തന്റെ കൈയ്യിൽ നിൽക്കാതെ വന്നതോടെയാണ് അരുൺ കുമാർ പുതിയ അടവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ. വിവാദത്തെ തുടർന്ന് പഴയിടം കലോത്സവ പാചകം ഉപേക്ഷിക്കാൻ തീരുമാനിച്ചത് അരുൺ കുമാറിനെതിരായ വിമർശനങ്ങൾ കടുപ്പിക്കാൻ ഇടയാക്കിയിരുന്നു. അരുൺ കുമാറിന്റെ സമാന സ്വഭാവമുള്ള പോസ്റ്റുകളെ സദാ പിന്തുണച്ച് രംഗത്ത് വന്നിരുന്ന ഇടതുപക്ഷത്തെ ചില പ്രമുഖർ പോലും, കാറ്ററിഞ്ഞ് തൂറ്റിയതോടെ അരുൺ കുമാറിന്റെ പിന്തുണ പൊതുസമൂഹത്തിൽ വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു.
പഴയിടത്തിന്റെ ചിത്രം ദുരുപയോഗം ചെയ്തതിനടക്കം സമൂഹത്തിൽ ജാതീയമായ വേർതിരിവുണ്ടാക്കാൻ അരുൺ കുമാർ ശ്രമിച്ചു എന്നുകാട്ടി ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകരും ചിന്തകന്മാരും സാഹിത്യകാരന്മാരും ചേർന്ന് ഗവർണർക്കും ഡിജിപിക്കും അടക്കം പരാതി നൽകിയിരുന്നു. ഇതും അരുൺ കുമാറിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് അരുൺ കുമാർ ചിത്രം പിൻവലിച്ചത് എന്നാണ് സൂചന.
Discussion about this post