ബംഗളൂരു: കർണാടകയിൽ ബജ്രംഗ്ദൾ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ശിവമോഗ സ്വദേശി സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിന്നും സുനിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതി സമീറിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഇന്നലെയായിരുന്നു സംഭവം. സാഗര ടൗണിൽവച്ചാണ് സുനിലിന് നേരെ ആക്രമണം ഉണ്ടായത്. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തിയ ഇയാൾ വീട്ടിലേക്ക് വരാൻ ഇരുചക്രവാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എന്തോ ചോദിക്കാനെന്ന വ്യാജേന സുനിലിനെ അടുത്തേക്ക് വിളിച്ച സമീർ കയ്യിൽ കരുതിയ വടിവാൾ ഉപയോഗിച്ച് ആഞ്ഞ് വെട്ടുകയായിരുന്നു.
എന്നാൽ തക്ക സമയത്ത് സുനിൽ പുറകിലോട്ട് മാറിയതിനാൽ പരിക്കേറ്റില്ല. ഇതോടെ ഇരുചക്രവാഹനത്തിൽ സമീർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് സമീറിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സമീറിന് വേണ്ടി അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ശിവമോഗയിൽ ബജ്രംഗ്ദൾ പ്രവർത്തകനായ ഹർഷയെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മറ്റൊരു നേതാവിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
Discussion about this post