പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഇന്നലെ അരവണ വിതരണം നിർത്തിവച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
തുടർന്ന് സന്നിധാനത്തെത്തിയ ഭക്തർ ഏറെ നിരാശയോടെയാണ് അരവണയില്ലാതെ മടങ്ങിയത്. ഇതോടെയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി.
അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യം അരവണയിലുണ്ട്. ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണിതെന്ന് ഇതിലൂടെ വ്യക്തമായി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചത്. തുടർന്ന് തിരുവനന്തപുരം അയ്യപ്പാ സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി അരവണ വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
അതേസമയം ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു
Discussion about this post