അടിമാലി: വഴിയിൽ വീണ് കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഈ മാസം എട്ടാം തിയതിയാണ് വഴിയിൽ വീണ് കിടന്ന മദ്യം കുഞ്ഞുമോൻ ഉൾപ്പെടെ മൂന്ന് പേർ കുടിച്ചത്.
അനിൽമോൻ, മനോജ് എന്നിവരാണ് കുഞ്ഞുമോനൊപ്പം ഉണ്ടായിരുന്നത്. മദ്യം കുടിച്ചതിന് പിന്നാലെ മൂന്ന് പേരും അവശനിലയിലായി. കടുത്ത ഛർദ്ദി ഉണ്ടായതിന് പിന്നാലെയാണ് മൂന്ന് പേരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉടനെ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അനിൽമോനും മനോജും അപകടനില തരണം ചെയ്‌തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു. മദ്യത്തിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സൂചനയുണ്ട്. ഇവരുടെ സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വഴിയിൽ കിടന്ന് കിട്ടിയ മദ്യം സുധീഷാണ് തങ്ങൾക്ക് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. മദ്യക്കുപ്പി കത്തിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.
Discussion about this post