ബീജിംഗ് : അമിത വേഗതയിൽ വന്ന കാർ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ. സംഭവത്തിനു പിന്നാലെ കാറിൽ നിന്ന് പറന്നത് കറൻസികൾ.
ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് സംഭവം. അമിത വേഗതയിൽ വന്ന കാർ ആളുകളെ ഇടിച്ചു വീഴ്ത്തുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ 5 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 22 കാരനായ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ, കറുത്ത നിറമുള്ള കാർ അതിവേഗത്തിൽ ആളുകളുടെ മേൽ പാഞ്ഞു കയറുന്നത് കാണാം. ആളുകൾ ചിതറി ഓടുന്നതും ശേഷം ഡ്രൈവർ കാറിന്റെ ഗ്ലാസിലൂടെ നോട്ടുകൾ എറിയുന്നതും വീഡിയോയിലുണ്ട്. അതേസമയം പോലീസ് പിടികൂടിയപ്പോൾ തന്റെ അമ്മാവൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു യുവാവ്. എന്തുകൊണ്ടാണ് യുവാവ് ഈ അപകടം ഉണ്ടാക്കിയതെന്ന് ഇതുവരെ അറിവായിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post