പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത് വാർത്തകളിൽ നിറയുകയാണ്. എന്നാൽ കോഴിയിറച്ചി മാത്രമല്ല പ്രശ്നം. ഭക്ഷ്യവസ്തുക്കളിൽ അടിമുടി മായമാണ്. കരുതിയിരുന്നില്ലെങ്കിൽ അപകടം ഏറെയാണ്. സുനാമിയിറച്ചിയാണ് മാംസാഹാരികള്‍ക്ക് ഭീഷണിയെങ്കില്‍ മാഗ്‌നീക്ഷ്യം ടാല്‍ക്ക് ചേര്‍ന്ന ഉഴുന്ന് , കാവി ചേര്‍ത്ത അരി, യെല്ലോ ബട്ടര്‍ ചേര്‍ത്ത വെണ്ണ, കാര്‍ബൈഡ് ചേര്‍ത്ത പഴങ്ങള്‍, തുടങ്ങി സസ്യാഹാരികളെ ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍ അനവധിയാണ്. സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അര്‍ബുദ രോഗികളുടെ എണ്ണത്തിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭക്ഷ്യവസ്തുക്കളിലെ മായം തന്നെയാണ് , പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ കീടനാശിനികളും മറ്റും ചേര്‍ക്കുന്നുണ്ട് എന്നറിഞ്ഞിട്ടും നമ്മള്‍ അറിഞ്ഞുകൊണ്ട് വിഷം ഉണ്ണുകയാണ്.
തമിഴ്‌നാട്ടിലേതുള്‍പ്പെടെയുള്ള പല തോട്ടങ്ങളിലും ഇപ്പോള്‍ രണ്ടു തരത്തിലാണ് കൃഷി നടക്കുന്നത്. സ്വന്തം സംസ്ഥാനത്തേക്ക് ആവശ്യമായ ജൈവപച്ചക്കറികളും വ്യാവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന കീടനാശി തളിച്ച പച്ചക്കറിക്കൃഷിയും. പൊള്ളാച്ചി, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ രണ്ടുതരം പച്ചക്കറിക്കൃഷി സജീവമാണ്. ഇത്തരത്തില്‍ വിഷമടിച്ചു വരുന്ന പച്ചക്കറിയാണ് നമ്മള്‍ ഫാം ഫ്രഷ് എന്ന പേരില്‍ വാങ്ങിക്കൂട്ടുന്നത്.
ശീതളപാനീയങ്ങളില്‍ കീടനാശിനി,തേനില്‍ കോണ്‍ ഓയില്‍, നെയ്യില്‍ മൃഗക്കൊഴുപ്പ്, വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയില്‍, പഴച്ചാറിലും ഭക്ഷ്യഎണ്ണയിലും ഭക്ഷ്യയോഗ്യമല്ലാത്ത ചായങ്ങള്‍, ഉഴുന്നുപരിപ്പില്‍ ടാല്‍ക്, മുളകുപൊടിയില്‍ സുഡാന്‍ എന്ന രാസവസ്തു, മിഠായികളിലും കേക്കിലും വസ്ത്രത്തിലടിക്കുന്ന ചായം, മാങ്ങയില്‍ കാല്‍സ്യംകാര്‍ബൈഡ് ഇങ്ങനെ നീളുന്നു മലയാളിയുടെ തീന്‍മേശയിലെത്തുന്ന മായത്തിന്റെ പട്ടിക.
പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് ചേര്‍ക്കുന്നത്.യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമപാലും വിപണിയില്‍ യദേഷ്ടം വിറ്റുപോകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കൃത്രിമപ്പാല്‍ എത്തുന്നത്. ഐസ്‌ക്രീമില്‍ സാക്കറിന്‍, ഡല്‍സിന്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.ഡല്‍ഹി ദല്‍ഹി നഗരത്തില്‍ മാത്രം പ്രതിദിനം ഒരുലക്ഷം ലിറ്ററിന്റെ കൃത്രിമ പാലും 30 ടണ്‍ പാല്‍ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
മുളക് പൊടിയില്‍ സുഡാന്‍ എന്ന രാസപദാര്‍ത്ഥമാണ് ചേര്‍ക്കുന്നത്. ജീരകത്തില്‍ പുല്‍ക്കായ ചേര്‍ക്കുന്നതും കടുകില്‍ പൊന്നുമ്മത്തിന്റെ കായകള്‍ ചേര്‍ക്കുന്നതും കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കുന്നതും മായം കലർത്തലും തന്നെയാണ്. ക്യൂനാല്‍ഫോസ് സെപെര്‍മെത്രിന്‍, ക്ലോര്‍ പെറിഫോസ്, എത്തയോണ്‍, ലാംബ്ഡാ, സൈഹാലോത്രിന്‍ എന്നിവയുടെ അംശമാണ് ഏലക്കയില്‍ കണ്ടു വരുന്നത്.പഞ്ചസാര വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കില്‍ അതില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടാകും.തുവരപ്പരിപ്പിലും ചെറുപയര്‍പരിപ്പിലും കലര്‍ത്തുന്നത് ടാട്രസിന്‍ എന്ന നിറമാണ്. മല്ലിയില, പുതിനയില, വേപ്പില എന്നിവ ഏറ്റവും കൂടുതല്‍ വിഷം അടിക്കപ്പെടുന്നവയാണ്.
Discussion about this post