കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ വിചാരണ ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള കോടതി നടപടികൾ അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി ഇന്നലെ പ്രതികളെ കുറ്റപത്രംവായിച്ച് കേൾപ്പിച്ചു. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.
കേസിൽ മുഖ്യപ്രതിയായ ജോളിയ്ക്ക് പുറമേ മൂന്ന് പ്രതികളാണുള്ളത്. ജോളിയ്ക്ക് സയനൈഡ് നൽകിയ എംഎസ് മാത്യു, സ്വർണപ്പണിക്കാരൻ പ്രജി കുമാർ, വ്യാജ ഒസ്യത്ത് നിർമ്മിച്ച മനോജ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. നാല് പ്രതികളെയും ഇന്നലെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.
എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു അന്വേഷണ സംഘം റോയ് തോമസ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസ് കോടതി ഈ മാസം 19 ന് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ എന്നീ കുറ്റങ്ങൾ അന്വേഷണ സംഘം ജോളിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. നിലവിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ജോളി.
Discussion about this post