തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പോലീസിന് നേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഷെഫീഖിനെ കസ്റ്റഡിയിൽ എടുക്കാൻ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഉച്ചയ്ക്കും ഇതേ സംഘം സമാനമായ രീതിയിൽ പോലീസിന് നേരെ ആക്രമണം നടത്തിയിരുന്നു.
പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് ഉച്ചയ്ക്ക് ബോംബേറ് ഉണ്ടായത്. ഉച്ചയ്ക്ക് പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഷെഫീഖ് രക്ഷപെട്ടിരുന്നു. അതേസമയം പോലീസിനെ ആക്രമിച്ചതിന് ഇയാളുടെ അമ്മയും സഹോദരനും കസ്റ്റഡിയിലായി.
ഷെഫീഖ് രാത്രിയോടെ വീണ്ടും വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പോലീസ് എത്തി വീട് വളഞ്ഞത്. ഇതോടെ ഇയാൾ വീണ്ടും പോലീസിന് നേരെ ബോംബ് എറിയുകയായിരുന്നു. ആർക്കും പരിക്കില്ല. ബോംബ് എറിഞ്ഞ ശേഷം ഷെഫീഖ് വീണ്ടും ഓടി രക്ഷപെട്ടു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post