ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ വധ ഭീഷണി മുഴക്കി ഡിഎംകെ നേതാവ്. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയാണ് ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വേണ്ടിവന്നാൽ ഗവർണറെ കൊലപ്പെടുത്താൻ ഭീകരരെ അയക്കുമെന്നായിരുന്നു ഡിഎംകെ നേതാവിന്റെ പരാമർശം. സംഭവത്തിൽ ശിവാജിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തി.
കഴിഞ്ഞ ഏതാനും നാളുകളായി വിവിധ വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ഡിഎംകെ നേതാവ് വിവാദ പരാമർശവുമായി രംഗത്ത് എത്തിയത്. ഇന്നലെ പങ്കെടുത്ത യോഗത്തിലായിരുന്നു പരാമർശം.
‘ഗവർണറെ വിമർശിക്കരുത് എന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഒരിക്കൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ താൻ പുഷ്പം അർപ്പിച്ച് ഇരു കൈകളും കൂപ്പി നന്ദി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സാഹചര്യം അതല്ല. ഗവർണർ കശ്മീരിലേക്ക് പോകണം. നിങ്ങളെ കൊലപ്പെടുത്താൻ തങ്ങൾ ഭീകരരെ അയക്കാം’ എന്നായിരുന്നു ശിവാജി പറഞ്ഞത്.
സംഭവത്തിൽ ശിവാജിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. ശിവാജിയ്ക്ക് ഭീകര ബന്ധമുണ്ടെന്നും, ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. തങ്ങൾ ഭീകരരെ അയക്കാം എന്നാണ് ശിവാജി പറഞ്ഞത്. ആരാണ് ഈ തങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഒത്താശ്ശയോടെയാണ് ഡിഎംകെ നേതാക്കൾ ഇത്തരത്തിൽ പെരുമാറുന്നത്. പരാമർശത്തിൽ ഗുണ്ടാ നിയമം ചുമത്തി ശിവാജിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post