തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘ തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടി മുന്നേറുമ്പോൾ, ജീവിതത്തിലെ സുപ്രധാനമായ രണ്ട് മുഹൂർത്തങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ. ജീവിതയാത്രയിലെ ഏറ്റവും അമൂല്യമായ ചിത്രങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു എന്നുപറഞ്ഞാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അഹമ്മദാബാദിൽ നിന്നും തൃശൂരിലേക്ക് കുട്ടിക്കാലത്ത് നടത്തിയ ട്രെയിൻ യാത്രയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരുനാൾ താൻ ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലമുണ്ടാകും എന്ന് അന്നേ വിശ്വസിച്ചിരുന്നു. എപ്പോഴും ഈ ചിത്രങ്ങൾ കാണുമ്പോൾ മുഖത്ത് സന്തോഷത്തിന്റേതായ പുഞ്ചിരി വിരിയുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആദ്യകാല ചിത്രങ്ങളാണ് ഇവ. ഈ സന്ദർഭത്തിൽ, എന്റെ എല്ലാ അഭ്യുദയാകാംക്ഷികളോടും ഗുരുക്കന്മാരോടും എനിക്ക് നന്ദി മാത്രമാണ് പറയാനുള്ളത്. എന്റെ യാത്രയിലുടനീളം ഞാൻ കണ്ട വലിയ സ്വപ്നത്തിന്റെ അരികിൽ എന്നെ എത്തിച്ച എല്ലാവർക്കും നന്ദി. ഉണ്ണി മുകുന്ദൻ തുടരുന്നു.
സ്വപ്നങ്ങൾ കാണാനുള്ളവയാണ്, വിശ്വാസമർപ്പിക്കാനുള്ളവയാണ്, പിന്തുടരാനും നേടിയെടുക്കാനുമുള്ളവയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമാക്കി മാളികപ്പുറത്തെ മാറ്റിയ ഏവർക്കും ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ തൊടാൻ കഴിഞ്ഞതിൽ, നിങ്ങളുടെ കണ്ണുകളിൽ ആസ്വാദനത്തിന്റെ നനവ് പടർത്താൻ കഴിഞ്ഞതിൽ, നിങ്ങളുടെ ആസ്വാദന തലങ്ങളിൽ നേർത്ത സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതിൽ, ഞാൻ അനുഗ്രഹീതനായിരിക്കുന്നു. സിനിമയുടെ ലക്ഷ്യങ്ങൽ തന്നെ ഇവയൊക്കെയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
മാളികപ്പുറം നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ ആസ്വദിക്കൂ. നിശ്ചയദാർഡ്യമുള്ള മനസ്സുകളുമായി പ്രപഞ്ചം എപ്പോഴും പ്രണയത്തിലാണ്. നിങ്ങളും സ്വപ്നം കാണൂ, ലക്ഷ്യം നിർണ്ണയിക്കൂ, അത് നേടിയെടുക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post