പട്‌ന : പത്ത് വയസുകാരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ബീഹാറിലെ വൈശാലിയിലാണ് സംഭവം. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുകയായിരുന്ന പെൺകുട്ടിക്കൊപ്പം പ്രതികൾ അടക്കമുള്ള ചെറുപ്പക്കാർ നൃത്തം ചെയ്തു. ഇവരോട് പെൺകുട്ടി മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. അന്ന് വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ വെച്ച് രണ്ട് പേർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ ബലം പ്രയോഗിച്ച് വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. നിലവിളി കേട്ടെത്തിയവരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post