പത്തനംതിട്ട: നഗരമദ്ധ്യത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ വൻ തീപിടിത്തം. അഞ്ച് കടകൾ കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല.
ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിലെ നമ്പർ വൺ എന്ന് പേരുള്ള ചിപ്‌സ് കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ശേഷം സമീപത്തെ കടകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഇതിനിടെ കടകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. എ വൺ ബേക്കറി, ചെരിപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവയും മറ്റൊരു കടയുമാണ് കത്തി നശിച്ചത്.
അഗ്നിശമന സേന തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കിടെയായിരുന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വൻ അപകടത്തിൽ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തിനായി എത്തിയ നാട്ടുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തീ പിടിത്തത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമായതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം.
Discussion about this post