തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാനം നേടിയ ഭാഗ്യവാൻ ഇനി ഭാഗ്യം വിൽക്കും. തിരുവനന്തപുരം ശ്രീരാഹം സ്വദേശി അനൂപാണ് ലോട്ടറി കച്ചവടത്തിലേക്ക് കടന്നത്. മണക്കാട് ജംഗ്ഷനിലാണ് അനൂപ് ലോട്ടറി കട ആരംഭിച്ചത്. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റെടുത്ത് വിൽക്കുകയാണ്. ഉടൻ തന്നെ സ്വന്തമായി ഏജൻസിയും ആരംഭിക്കുമെന്ന് അനൂപ് പറയുന്നു.
തന്റെ ജീവിതത്തിൽ ഭാഗ്യമെത്തിച്ചത് ലോട്ടറിയായത് കൊണ്ടാണ് ലോട്ടറി കച്ചവടം തന്നെ തുടങ്ങിയത് എന്ന് അനൂപ് പറഞ്ഞു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്ത് എം എ ലക്കി സെന്റർ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.
ഓട്ടോ ഡ്രൈവറായിരുന്നു അനൂപ്. 25 കോടി ലോട്ടറി അടിച്ചതിന് ശേഷവും അനൂപ് ഓട്ടോ ഓടിച്ചിരുന്നു. ഇപ്പോൾ സഹോദരനാണ് അത് ഓടിക്കുന്നത്. മണക്കാടിന് അടുത്ത് സ്വന്തമായി വീട് വാങ്ങിയ അനൂപ്, ശ്രീവരാഹത്തെ വീട്ടിൽനിന്ന് താമസം മാറിയിരുന്നു. തുടർന്നാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഭാഗ്യവാൻ കട ആരംഭിച്ചതോടെ ഇവിടെ നിന്നും ലോട്ടറിയെടുക്കാൻ ആളുകളുടെ തിരക്കേറുന്നുണ്ട്.
Discussion about this post