പാലക്കാട്: ധോണിക്കാരെ വിറപ്പിച്ച പി.ടി സെവൻ എന്ന കാട്ടാനയുടെ പേര് മാറ്റി. പി.ടി സെവൻ ഇനി ധോണി എന്നറിയപ്പെടുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്‌റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.
മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രൻ ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. ധോണിയെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.
രാവിലെ 7.15 ന് മയക്കുവെടി വച്ച ഒറ്റയാനെ 4 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലായിരുന്നു കാടിന് പുറത്ത് എത്തിച്ചത്. മയക്കം വിട്ടതോടെ ബൂസ്റ്റർ ഡോസും നൽകി. ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പതു മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.
Discussion about this post