തൃശ്ശൂർ: ‘ നമ്പർ വൺ’ കേരളത്തിൽ വനവാസികൾക്ക് ചികിത്സയില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ വനവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചു. പുത്തൂരിലായിരുന്നു വനവാസിയായ രമേശിനും മകൻ വൈഷ്ണവിനും ദുരനുഭവം നേടിടേണ്ടിവന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ആയിരുന്നു മൂപ്പനും മകനും പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബൈക്കിൽ നിന്നും വീണ് ഇരുവർക്കും സാരമായി തന്നെ പരിക്കേറ്റിരുന്നു. എന്നാൽ ഡോ.ഗിരീഷ് ഒപി സമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഇവരെ ചികിത്സിക്കാൻ കൂട്ടാക്കാതിരിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സയെങ്കിലും തങ്ങൾക്ക് നൽകണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഗിരീഷ് കൂട്ടാക്കിയില്ലെന്ന് ആണ് ആക്ഷേപം. തുടർന്ന് അര മണിക്കൂർ നേരം അവിടെ കാത്തു നിന്നു. എന്നാൽ ഡോക്ടർ ചികിത്സ നൽകാതെ കാറിൽ പുറത്തേക്ക് പോകുകയായിരുന്നു. ഇതോടെ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ചയാണ് രമേശ് സംഭവത്തിൽ ഒല്ലൂർ പോലീസിന് പരാതി നൽകിയത്. പോലീസ് ഗിരീഷിൽ നിന്നും മൊഴിയെടുത്തു. രമേശും മകനും എത്തിയപ്പോൾ താൻ മൂത്രമൊഴിക്കാൻ പോയെന്നും വന്നപ്പോൾ തന്നോട് കയർത്തെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ചികിത്സ നൽകാമെന്ന് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കാതെ പോകുകയായിരുന്നുവെന്നം ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഡോക്ടർക്കെതിരെ രമേശ് ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. അപകടത്തിൽ വൈഷ്ണവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. രമേശിന്റെ കയ്യിലും കാലിലും മുറിവേറ്റിട്ടുണ്ട്.
Discussion about this post