ന്യൂഡൽഹി : 74 -മത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ നാരീശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്. ബേപ്പൂർ റാണിയുടെ മാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയ്ക്ക് ദേശീയ തലത്തിൽ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷ വിജയിച്ച, 2020 ൽ നാരീശക്തി പുരസ്‌കാരത്തിന് അർഹയായ ചേപ്പാട് സ്വദേശി കാർത്യായനി അമ്മയുടെ രൂപമായിരുന്നു നിശ്ചലദൃശ്യത്തിന് മുൻപിൽ ഉണ്ടായിരുന്നത്. സ്ലേറ്റ് നോക്കി അക്ഷരം പഠിക്കുന്ന രീതിയിലായിരുന്നു ഇത് ഒരുക്കിയത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ‘കലക്കാത്ത സന്ദനം’ എന്ന ഗാനവും അതിന്റെ ഭാഗമായുളള ഗോത്ര നൃത്തവും കേരളത്തിന്റെ വനവാസി പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതായി.
സാക്ഷരതാ മിഷനെയും കുടുംബശ്രീ പദ്ധതിയെയും ഉയർത്തിക്കാണിച്ച നിശ്ചല ദൃശ്യത്തോടൊപ്പം കളരിപ്പയറ്റും ശിങ്കാരി മേളവും അണിനിരന്നു. ഉണ്ണിയാർച്ച മുതൽ കുടുംബശ്രീ വരെയുള്ള മലയാളത്തിൻറെ പെൺപെരുമ മുഴുവൻ ഉൾപ്പെടുത്തുന്ന ടാബ്ലോ അവതരിപ്പിച്ചത് 24 അംഗ വനിതാ സംഘമാണ്.
നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള അട്ടപ്പാടിയിലെ ഗോത്ര കലാമണ്ഡലത്തിലെ കലാകാരികളാണ് നൃത്തം അവതരിപ്പച്ചത്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവർണ സംഘമാണ് ശിങ്കാരിമേളക്കാർ. ഡൽഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി.എൻ. ശുഭയും മകൾ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരിപ്പിച്ചു.
Discussion about this post