എറണാകുളം: നടൻ ഇടവേള ബാബുവിനെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണദാസ്, വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇടവേള ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അടുത്തിടെ ഒരു ചർച്ചയിൽ വിനീത് ശ്രീനിവാസൻ നായകനായ ഉണ്ണി മുകുന്ദൻ അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമർശിച്ച് കൊണ്ട് ഇടവേള ബാബു പരാമർശം നടത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് ഇരുവരും പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു അസഭ്യ പരാമർശങ്ങൾ. രണ്ട് ദിവസം മുൻപാണ് ഇൻസ്റ്റഗ്രാമിൽ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രതികൾ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവർക്കുമെതിരെ ഇടവേള ബാബു സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴി ചിലർ അപമാനിക്കുന്നുവെന്നും, മോശം പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. ഇതിന് പിന്നാലെ കൃഷ്ണപ്രസാദിനെയും വിവേകിനെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ഇവരുടെ കയ്യിൽ നിന്നും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊബൈൽ ഫോണുകളും പരിശോധിച്ചുവരികയാണ്.
നിയമസഭാ രാജ്യാന്തര പുസ്‌കോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബു ഉണ്ണി മുകുന്ദൻ അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ പരാമർശം നടത്തിയത്. പടം ഫുൾ നെഗറ്റീവ് ആണെന്നും ചിത്രത്തിലെ നായികയുടെ ഭാഷ മോശമാണെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ സമൂഹമാദ്ധ്യമത്തിൽ ആളുകൾ വലിയ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post