ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള ശാലിഗ്രാം കല്ലുകൾ ഉത്തർപ്രദേശിലെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു കല്ലുകൾ നേപ്പാളിൽ നിന്നും ഗോരഖ്പൂരിൽ എത്തിയത്. ഹിന്ദു വിശ്വാസ പ്രകാരം ഭഗവാൻ വിഷ്ണുവിന്റെ മാനവീകരണത്തെയാണ് ഈ കല്ലുകൾ സൂചിപ്പിക്കുന്നത്.
രണ്ട് കല്ലുകൾ ആണ് ഗോരഖ്പൂരിൽ എത്തിയത്. പൂജകൾക്ക് ശേഷം കല്ലുകൾ അയോദ്ധ്യയിലേക്ക് കൊണ്ടുപോകും. ഹിന്ദു ഐതിഹ്യത്തിൽ അതീവ പ്രാധാന്യമുള്ള കല്ലുകൾ നേപ്പാളിൽ നിന്നുമാണ് എത്തിച്ചത്.
രാം കഥ കുഞ്ചിൽ എത്തിച്ച് കല്ലുകളിൽ ആരാധന നടത്താൻ ഭക്തർക്ക് അവസരം നൽകുമെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംമ്പത് റായ് പറഞ്ഞു. നേപ്പാളിലെ കാളി ഗണ്ഡകിയിൽ ഒരു വെള്ളച്ചാട്ടമുണ്ട്. ദാമോദർ കുണ്ഡിൽ നിന്നാണ് ഇതിന്റെ ആവിർഭാവം. ഇവിടെ നിന്നുമാണ് രണ്ട് ശാലിഗ്രാമുകളും കൊണ്ടുവന്നത്. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശിലകൾ എത്തുമെന്ന വാർത്തകൾ അറിഞ്ഞ് നിരവധി പേരാണ് വഴികളിൽ കാത്തു നിന്നത്. അതുകൊണ്ടുതന്നെ ബിഹാറിൽ നിന്നും അതിർത്തി കടക്കാൻ മൂന്ന് മണിക്കൂറിലധികം സമയം എടുത്തു. അടുത്ത ദിവസം ശാലിഗ്രാം അയോദ്ധ്യക്ഷേത്രത്തിന് കൈമാറുമെന്നും ചംമ്പത് റോയ് അറിയിച്ചു.












Discussion about this post