കൊല്ലം: ജില്ലയിലെ ജനങ്ങൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിലടക്കം നൽകിയ വാഗ്ദാനങ്ങൾ മിക്കവയും പാലിക്കപ്പെടാത്തതിലും, പലതിലും പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജനങ്ങൾ. കൊട്ടാരക്കരയിൽ നിന്നുള്ള എം എൽ എ ആയിട്ടും ധനമന്ത്രി ജില്ലയോട് അവഗണന കാട്ടുന്നു എന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളോട് അനുബന്ധിച്ച് ജനങ്ങളുടെ പരാതി.
1000 കോടി രൂപയുടെ ഐടി പാർക്ക് കണ്ണൂരിനൊപ്പം കൊല്ലത്തും സ്ഥാപിക്കും എന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാന വാഗ്ദാനം. എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ജില്ലയുടെ ഐടി വികസനത്തിനായി കാര്യമായ ഒരു നടപടികളും ഉണ്ടായിട്ടില്ല. ദേശീയ പാതയ്ക്ക് സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കഴക്കൂട്ടം- കൊല്ലം ഐടി ഇടനാഴിയുടെ കാര്യത്തിലും ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല. ഇടനാഴിയുടെ വിപുലീകരണത്തിനായി കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ കെട്ടിടം നിർമ്മിക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. ഇതിൽ സാധ്യതാ പഠനം തുടങ്ങിയെങ്കിലും ഒന്നും എങ്ങും എത്തിയിട്ടില്ല.
പോളച്ചിറയിൽ കിൻഫ്ര വ്യവസായ പാർക്കിനായി കല്ലിട്ട സ്ഥലത്ത് ഐ ടി പാർക്ക് വരുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. ഇക്കാര്യത്തിലും ഇതുവരെ നടപടികളൊന്നും തന്നെ ആയിട്ടില്ല. പഴയ ബജറ്റുകളിലെ പ്രഖ്യാപനങ്ങളായ പൈതൃക മ്യൂസിയം, കെ എസ് ആർ ടി സി ബസ് ഡിപ്പോ, ആംഫീബിയൻ വാഹനം എന്നിവയും കടലാസിൽ ഉറങ്ങുമ്പോഴാണ് ധനമന്ത്രി അടുത്ത ബജറ്റിനായി കച്ച മുറുക്കുന്നത് എന്നതിലാണ് ജനങ്ങൾക്ക് അമർഷം.
Discussion about this post