തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ആശ്വസിച്ചിരുന്ന ജനങ്ങളുടെ കരണത്തേറ്റ കനത്ത പ്രഹരം ആയിരുന്നു കേരള ബജറ്റ്. കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായും മുക്തമാകാതിരുന്ന കേരളത്തിലെ ജനങ്ങൾ നികുതിയിളവ് ഉൾപ്പെടെയുള്ള ജനകീയ പ്രഖ്യാപനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിച്ചു. എന്നാൽ കനത്ത നിരാശയായിരുന്നു ഫലം എന്ന് മാത്രവുമല്ല, നികുതി വർദ്ധനവിനെ തുടർന്ന് വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ഭാരം ഓർത്ത് തകർന്നിരിപ്പാണ്.
പെട്രോളിന്റെയും, ഡീസലിന്റെയും സെസ് രണ്ട് രൂപ വർദ്ധിപ്പിച്ചു, കെട്ടിട നികുതി കൂട്ടി, വാഹന നികുതി കൂട്ടി. ആകെ കുറച്ചത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മാത്രം. മഴകാത്ത് നിന്ന വേഴാമ്പലിനെ പോലെ കേരള ബജറ്റിലെ ജനക്ഷേമ പ്രഖ്യാപനങ്ങൾക്കായി കാത്തിരുന്നവരുടെ രോഷം സമൂഹമാദ്ധ്യമങ്ങളിലും പ്രതിഫലിച്ചു. കേരള ബജറ്റ് കണ്ട് ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകുകയാണെന്നാണ് ചിലർ പറയുന്നത്. നികുതി വർദ്ധിപ്പിച്ചതല്ല, മാറ്റം വരുത്തുകയാണ് സർക്കാർ ചെയ്തതെന്ന് പറഞ്ഞ് ആശ്വാസിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഹോ…മൈ.. ഗോഡ് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതി ആയല്ലോ എന്നാണ് ചിലരുടെ പ്രതികരണം.
എല്ലാറ്റിനും വില കൂട്ടി ജനപ്രിയ ബജറ്റ് അവതരിപ്പിച്ച ജനകീയ സർക്കാരിന് വിപ്ലവഭിവാദ്യങ്ങൾ നേരുന്നവരുമുണ്ട്. പണമില്ലാത്തത് കൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് ബജറ്റിലൂടെ സർക്കാർ പറയുന്നതെന്ന യാഥാർത്ഥ്യം അൽപ്പം വിഷമത്തോടെ തിരിച്ചറിഞ്ഞവരും ഉണ്ട്. ഇതിന് പകരം കമ്പിപ്പാരയെടുത്ത് കൊള്ളയടിക്കാൻ പൊയ്ക്കൂടെ എന്നാണ് നാട്ടുകാരിൽ ചിലർ ചോദിക്കുന്നത്. മൊത്തത്തിൽ ജനങ്ങളെ ഒട്ടും ‘ബുദ്ധിമുട്ടിയ്ക്കാത്ത’, ഒന്നൊന്നര ‘അടിപൊളി’ ഉഷാർ ബജറ്റാണ് ഇക്കുറിയെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
Discussion about this post