തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 11,000 കോടി രൂപ വേണം. പെൻഷൻ കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞ് അത് കൊടുക്കാതിരിക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നികുതി അധികാരം പരിമിതമാണ്. സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. സംസ്ഥാനത്ത് ധനദൃഢീകരണം നടത്താനായി. ധനക്കമ്മി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടത്തിൽ നിയന്ത്രണം വന്നു. നികുതി വരുമാനം കൂട്ടാനായി. 2700 കോടി കടമെടുപ്പ് ഇന്നലെ കേന്ദ്രം വെട്ടിച്ചുരുക്കി. 937 കോടി രൂപയാണ് ഇനി കടമായി ലഭിക്കുക. കിഫ്ബി വഴിയുള്ള വായ്പയും സംസ്ഥാനത്തിന്റെ പൊതുകടത്തിലേക്കാണ് കേന്ദ്രം മാറ്റുന്നതെന്നും ധനമന്ത്രി ആരോപിച്ചു.
ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. മദ്യത്തിന് 40 രൂപ വരെയും വില കൂട്ടാനാണ് തീരുമാനം.
Discussion about this post