തിരുവനന്തപുരം: പെട്രോളിനും, ഡീസലിനും ഏർപ്പെടുത്തിയ സെസിനെക്കുറിച്ചുള്ള പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. പെട്രോളിനും, ഡീസലിനും വില കൂട്ടിയത് കേന്ദ്രസർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇന്ധന വില കേരള സർക്കാർ കൂട്ടിയിരിക്കുകയാണെന്ന്. കേരള സർക്കാർ സെസ് വർദ്ധിപ്പിക്കുമെന്നാണ് പറഞ്ഞത്. ഇന്ധന വില നിരന്തരമായി കൂട്ടിയത് കേന്ദ്രസർക്കാർ ആണ്. ഇരുന്നൂറ് ഇരട്ടിയോളമായിരുന്നു വില വർദ്ധനവ്. ഈ വില വർദ്ധനവ് മറച്ചുവയ്ക്കാൻ വേണ്ടി കേരള സർക്കാർ നല്ലതിനായി കൊണ്ടുവന്ന ഒരു പ്രപ്പോസലിനെ ശക്തമായി എതിർക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കേരളം സെസ് ഏർപ്പടുത്തിയതിനെ വിമർശിക്കുകയാണ്. എന്ത് ധാർമ്മിക സമീപനമാണ് ഇത്. കേന്ദ്രത്തിന്റെ നികുതിയെ അടിസ്ഥാനമാക്കിയാണ് ഇന്ധനത്തിന്റെ മുഴുവൻ വിലയും വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ ഇങ്ങനെയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യമൊട്ടാകെ വർദ്ധിച്ചുവരികയാണ്. അതിനെക്കുറിച്ച് ആർക്കും പരാതിയില്ല. യാതൊരു ആക്ഷേപവും ഇല്ല. അതിനെ പൂർണമായി പിന്തുണയ്ക്കുക. എന്നിട്ട് കേരളത്തിലെ ഇടത് സർക്കാർ എന്തെങ്കിലും ചെയ്താൽ അതിനെ വിമർശിക്കും. കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന തുക 40,000 കോടി കുറവാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Discussion about this post