ഇസ്ലാമാബാദ്: വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ. വിക്കിപീഡിയയിൽ മതനിന്ദാപരമായ ഉള്ളടക്കം ഉണ്ടെന്നും, ഇത് നീക്കം ചെയ്യാൻ അവർ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിക്കിപീഡിയയ്ക്ക് പാകിസ്താൻ നിരോധനം ഏർപ്പെടുത്തിയത്. ഇസ്ലാമിക വിരുദ്ധത അടങ്ങിയ ഭാഗം മാറ്റിയാൽ നിരോധനം ഏർപ്പെടുത്തിയ നടപടി പുന:പരിശോധിക്കുമെന്നും പാകിസ്താൻ ടെലികോം അതോറിറ്റി വ്യക്തമാക്കി.
” മതനിന്ദാപരമായ ഉള്ളടക്കം കണ്ടെത്തിയതോടെ അത് നീക്കം ചെയ്യാൻ അവരെ സമീപിച്ചിരുന്നു. എന്നാൽ അത് നീക്കം ചെയ്യാനോ, അതോറിറ്റിക്ക് മുന്നിൽ ഹാജരാകാനോ വിക്കിപീഡിയയുടെ അധികൃതർ തയ്യാറായില്ല. പാകിസ്താൻ ടെലികോം അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അവർ ബോധപൂർവ്വമായ വീഴ്ച വരുത്തി. ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്ത സാഹചര്യത്തിൽ വിക്കിപീഡിയയ്ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തുകയാണെന്നും” പിടിഎയുടെ ട്വീറ്റിൽ പറയുന്നു.
ഉള്ളടക്കം മാറ്റാൻ 48 മണിക്കൂർ സമയപരിധിയാണ് ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. ഈ നിർദ്ദേശം വിക്കിപീഡിയ തള്ളിയതോടെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. അതേസമയം നിരോധനത്തിനെതിരെ രാജ്യത്തെ വിദ്യാർത്ഥികളും അക്കാദമിക് വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധവും പരിഹാസ്യവുമായ തീരുമാനമെന്നാണ് ഡിജിറ്റൽ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ഉസാമ ഖിൽജി പറഞ്ഞു.
Discussion about this post