തിരുവനന്തപുരം: മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് മീഡിയവൺ ചാനലിനൊപ്പം നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികളുടെ അപ്രീതിക്കു പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയ വൺ എന്നും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ഫേസ് ഓഫ് കേരള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോർപറേറ്റ് സ്ഥാപനമല്ല അവാർഡ് തരുന്നത്. പൊതുജനമാണ് അവാർഡ് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താനല്ല ഫേസ് ഓഫ് കേരള. കേരളത്തിന്റെ മുഖം എന്ന് കേൾക്കുമ്പോൾ ഒട്ടേറെ മുഖങ്ങൾ മനസിൽ വരും. നിപ രോഗികളെ പരിചരിച്ച് മരിച്ച നഴ്‌സ് ലിനി, ഓടയിലെ ഗർത്തത്തിലേക്ക് വീണവരെ രക്ഷിക്കാൻ ശ്രമിച്ച് വീണു മരിച്ച നൗഷാദ്, കേരളത്തിൻറെ സൈന്യമായ മത്സ്യത്തൊഴിലാളികൾ, ഹിന്ദു യുവതിയുടെ കല്യാണത്തിന് പള്ളിയങ്കണം വിട്ടു നൽകിയവർ… ഇവർക്കെല്ലാം സമർപ്പിക്കുകയാണ് പുരസ്‌കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവെ യോജിക്കുന്നു എന്ന് പറയുമ്പോൾ മീഡിയവണിന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നർത്ഥമില്ല. വിയോജിപ്പിൻറെ മേഖലകൾ ഏറെ കാണും. പക്ഷേ വിയോജിപ്പുകൾ ഒന്നും മതനിരപേക്ഷതക്ക് വേണ്ടിയുള്ള നിലപാടിനെ യോജിപ്പിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മീഡിയവണിനെ നിരോധിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാനുള്ള സമയമെടുക്കാതെ തന്നെ ആ നിരോധനത്തിനെതിരെ ശബ്ദമുയർത്താൻ താനും തന്റെ പ്രസ്ഥാനവും അണിനിരന്നുവെന്നത് നാട് കണ്ടതാണ്. അത് മാദ്ധ്യമസ്വാതന്ത്രൃവുമായി ബന്ധപ്പെട്ട കാര്യമാണ്. അത്തരം കാര്യങ്ങളിൽ ഇനിയുള്ള ഘട്ടങ്ങളിലും ഇത് തന്നെയാകും നിലപാട് എന്നാണ് അറിയിക്കാനുള്ളതെന്ന് മുഖ്യമന്ത്രി കുറിച്ചു.
കഴിഞ്ഞ വർഷം ജനുവരിമാസം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുതരമായ വിവരങ്ങൾ ഉള്ളതിനാൽ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച സുപ്രീംകോടതി കർശനമായ ഉപാധികശോടെ സംപ്രേഷണം തുടരാൻ ഇടക്കാല അനുമതി നൽകുകയായിരുന്നു.
Discussion about this post