തിരുവനന്തപുരം: ചില മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.
എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ലെന്നും ജയരാജൻ പറഞ്ഞു.
അതേസമയം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനും പി ജയരാജനുമെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു. റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷണം.
വിവാദത്തിൽ സിപിഎം സംസ്ഥാന സമിതിയിൽ ജയരാജന്മാർ പരസ്പരം കൊമ്പു കോർത്തത് പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. മൊറാഴയിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തി എന്നായിരുന്നു പി ജയരാജന്റെ ആരോപണം. സംഭവം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ ശ്രമിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്.
Discussion about this post