തിരുവനന്തപുരം : മലയാള സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാൻ ബിന്ദു ഇടപെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണമെന്ന് ഗവർണർ നിര്‌ദ്ദേശിച്ചെങ്കിലും ഇത് മറികടന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
സർവകലാശാല നിയമപ്രകാരം വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു ജി സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണ്. അതിനാൽ സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഗവർണറുടെ കത്ത് ലഭിച്ചിട്ടും സർക്കാർ പ്രതിനിധിയെ നൽകിയില്ല. പകരം സർക്കാർ തലത്തിൽ സെർച് കമ്മിറ്റി രൂപീകരിക്കാൻ നടപടികൾ ആരംഭിച്ചു.
മന്ത്രി നിർദേശിച്ച രീതിയലുള്ള സെർച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഇത് ഫയലിൽ വ്യക്തമാക്കുന്നുണ്ട്. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും എന്നാൽ വി.സി നിയമനാധികാരിയായ ചാൻസലർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവിൽ തുടർന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ താൻ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയതു പ്രകാരമുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി നിർദേശം നൽകി. ഇതുപ്രകാരമാണ് ഗവർണറുടെ നിർദേശം നിലനിൽക്കെ സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് സർക്കാർ ഗവണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ കത്ത് നൽകിയത്.
എന്നാൽ ഈ കത്തിനു ഇത് വരെ രാജ്ഭവൻ മറുപടി നൽകിയിട്ടില്ല. സർക്കാരിന്റെ ബില്ലിൽ ഇത് വരെ ഒപ്പിട്ടിട്ടുമില്ല.
Discussion about this post