കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട തടവുകാരിയായ അന്തേവാസി പിടിയിൽ. ബീഹാർ സ്വദേശി പൂനം ദേവിയാണ് പിടിയിലായത്. വേങ്ങരയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വേങ്ങര സഞ്ജിത്ത് വധക്കേസ് പ്രതിയായ പൂനം ഇന്ന് പുലർച്ചെയാണ് ശുചിമുറിയിലെ വെന്റിലേറ്റർ ഗ്രിൽ തകർത്ത് രക്ഷപെട്ടത്. ഒന്നാം നിലയിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. അതുവഴി താഴോട്ടിറങ്ങി മതിലിനോട് ചേർന്ന് കിടക്കുന്ന കേബിൾ വഴിയാണ് ഇവർ രക്ഷപെടുന്നത്.
ഇവരെ കാണാതായതിന് പിന്നാലെ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് വേങ്ങരയിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. 7.30ന് കോഴിക്കോട് നിന്ന് ബസ് കയറി വേങ്ങര ഇറങ്ങുകയായിരുന്നു. വേങ്ങരയിൽ എത്തിയതിന് ശേഷം രക്ഷപെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. പൂനം ദേവിയുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിക്കുന്നത്. പിന്നാലെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിക്കും 12.10നും ഇടയിലാണ് പൂനംദേവി തടവിൽ നിന്ന് രക്ഷപെട്ട് പോയതെന്ന് എസിപി കെ.സുദർശൻ വ്യക്തമാക്കി. ഭർത്താവിനെ കൊന്ന കേസിലെ പ്രതിയാണ് പൂനം. മഞ്ചേരി ജയിലിലായിരുന്ന ഇവരെ ഇന്നലെയാണ് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇന്നലെ തന്നെ ഇവർ ബാത്‌റൂമിന്റെ ഗ്രിൽ ഇഷ്ടിക ഉപയോഗിച്ച് കുത്തിപ്പൊട്ടിച്ച് പുറത്തെത്തുകയും, മതിൽ ചാടി രക്ഷപെടുകയുമായിരുന്നു. എലി കടക്കാതിരിക്കാൻ വെന്റിലേറ്ററിൽ ഇഷ്ടികക്കഷണങ്ങൾ തിരുകി വച്ചിരുന്നു. ഇത് ഉപയോദിച്ചാണ് ഇവർ ഇടിച്ച് പൊട്ടിച്ചത്. കുട്ടിയെ കാണണമെന്ന് പറഞ്ഞാണ് ഇവർ ചാടിപ്പോയതെന്നും എസിപി വ്യക്തമാക്കി.
അതേസമയം കുതിരവട്ടത്തെ സുരക്ഷാവീഴ്ച തുടർക്കഥയാകുന്നതിൽ വിമർശനങ്ങളും ശക്തമാണ്. ആഴ്ചകൾക്ക് മുൻപാണ് മുഖ്യമന്ത്രി അവലോകനയോഗം വിളിച്ച് സുരക്ഷ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങളും നടപടികളും നൽകിയത്. മാസ്റ്റർപ്ലാനിന്റെ കരടിനും യോഗത്തിൽ അംഗീകാരമായിരുന്നു. എന്നാൽ അതിന് തൊട്ടുപിറകെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഒരു മണിക്കൂർ ഇടവെട്ട് ഇവിടെ കർശന പരിശോധന നടത്തുന്നുണ്ടെന്നാണ് പോലീസ് വാദം.
Discussion about this post